പത്തനംതിട്ട: വീടുകൾ തോറും കയറിയിറങ്ങി ആയുർവേദ ഉൽപ്പന്നങ്ങൾ വിൽക്കുന്ന രണ്ട് യുവതികളെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കാൻ ശ്രമം. യുവതികളെ കെഎസ്ആർടിസി ബസ്റ്റാൻഡിന് സമീപത്തു നിന്നും നിർബന്ധിച്ച് പെട്ടി ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടു പോവുകയും പല സ്ഥലങ്ങളിലും കറങ്ങി നടന്ന് യുവതികളെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതിയെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ യുവതികളെ പീഡിപ്പിക്കാൻ ശ്രമിച്ചത്. വെണ്ണിക്കുളം സ്വദേശി പ്രവീൺ ദാമോദരൻ (30) ആണ് പിടിയിലായത്. അടൂരിലെ സ്വകാര്യ സ്ഥാപനത്തിൽ നിന്നും ആയുർവേദ ഉത്പന്നങ്ങൾ വീടുകൾതോറും കയറിയിറങ്ങി വിൽപ്പന നടത്തുന്ന വയനാട് സ്വദേശിനിയും റാന്നി സ്വദേശിനിയും ആയ രണ്ട് യുവതികളെയാണ് ഇയാൾ നിർബന്ധിച്ച വാഹനത്തിൽ കയറ്റി കൊണ്ടുപോയതും പലയിടങ്ങളിലായി കറങ്ങി നടന്ന് പീഡിപ്പിക്കാൻ ശ്രമിച്ചതും. യുവതികളെ നിർബന്ധിച്ച് വാഹനത്തിൽ കയറ്റിക്കൊണ്ട് പോയി എന്നാണ് പരാതി. സാഹസികമായി രക്ഷപ്പെട്ട യുവതികള്‍ രാത്രിയോടെ പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. തുടർന്നാണ് ഇയാളെ പിടികൂടിയത്. പ്രതി മുൻപും സമാന രീതിയിലുള്ള കുറ്റകൃത്യം ചെയ്തിട്ടുള്ള ആളാണെന്ന് പത്തനംതിട്ട എസ്എച്ച്ഒ അരുൺ ജി പറഞ്ഞു.